D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സ്വയം ഇല്ലാതാകാതെ നോക്കിക്കോ..!യുഎസ് – ഇറാൻ പോര് മുറുകുന്നു: വാക്പോരുമായി ട്രംപും ലാരിജാനിയും.
ഇറാന്റെ കരുത്തിന് മുന്നിൽ ഇത്തരം ഭീഷണികൾ വെറും പൊള്ളയാണെന്നും, മറ്റുള്ളവരെ ഇല്ലാതാക്കാൻ നോക്കുന്നവർ സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ലാരിജാനി എക്‌സിലൂടെ പ്രതികരിച്ചു

അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇരുപത് മടങ്ങ് ശക്തിയോടെ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയുമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാന്റെ കരുത്തിന് മുന്നിൽ ഇത്തരം ഭീഷണികൾ വെറും പൊള്ളയാണെന്നും, മറ്റുള്ളവരെ ഇല്ലാതാക്കാൻ നോക്കുന്നവർ സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ലാരിജാനി എക്‌സിലൂടെ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് ഒന്നുകിൽ എല്ലാവർക്കും സമാധാനത്തിന്റേതാകുമെന്നും അല്ലെങ്കിൽ യുദ്ധക്കൊതിയന്മാർക്ക് പരാജയത്തിന്റേതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ സൈനിക ആക്രമണം ഇന്ന് നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. ഇറാന്റെ മിസൈൽ ശേഷി തകർക്കുക, നാവികസേനയെ നശിപ്പിക്കുക, ആണവായുധ മോഹങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക നീങ്ങുന്നത്. കൂടുതൽ ബോംബറുകളെയും പോരാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് അതിതീവ്രമായ ആക്രമണങ്ങൾക്കായിരിക്കും ഇന്ന് ഇറാൻ സാക്ഷ്യം വഹിക്കുകയെന്നും, ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ പിന്നോട്ടില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *