അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നു എന്ന പരാതിയെത്തുടർന്ന് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെ ഡ്രൈവറായ ജെസ്സി നഥാൻ എൽക്സ് (32) തിമോത്തിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിമോത്തിയെ വെടിവെച്ച ശേഷം വാഹനത്തിൽ നിന്നിറങ്ങിയ പ്രതി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇയാൾക്ക് മുൻപ് ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.
15 വർഷമായി സർവീസിലുള്ള തിമോത്തി ഒക്കോണർ ഒരു യഥാർത്ഥ ഹീറോയാണെന്ന് ഗവർണർ ജോഷ് ഷാപ്പിറോ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഭാര്യയും ഒരു കൊച്ചു മകളുമാണ് തിമോത്തിക്ക് ഉള്ളത്. "എന്റെ മകൻ ധീരനായ സംരക്ഷകനായിരുന്നു" എന്ന് അദ്ദേഹത്തിന്റെ അമ്മ സമൂഹമാധ്യമത്തിൽ കുറിച്ചു. അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക ഭരണകൂടവും സഹപ്രവർത്തകരും.



