യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ ലോകമെമ്പാടും ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ, വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും പകർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കല്പന പുറപ്പെടുവിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന മനുഷ്യജീവന്റെ നഷ്ടത്തിലും പലായനങ്ങളിലും അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഭയത്തിന് അടിപ്പെടാതെ ദൈവത്തിലുള്ള വിശ്വാസത്തിലും സമാധാനത്തിലും ഉറച്ചുനിൽക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, ലോകശാന്തിക്കായി നിരന്തരം മധ്യസ്ഥ പ്രാർത്ഥനകളിൽ ഏർപ്പെടണമെന്നും ഓർമ്മിപ്പിച്ചു. വീടുകൾ പ്രത്യാശയുടെ കേന്ദ്രങ്ങളും പള്ളികൾ സമാധാനത്തിനായുള്ള പ്രാർത്ഥനാ ഇടങ്ങളുമായി മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വിവിധ രാജ്യങ്ങളിൽ കഴിയുന്ന സഭാംഗങ്ങൾ അവിടുത്തെ ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കല്പനയിൽ പറയുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും പരസ്പരം താങ്ങായി നിൽക്കാനും സഭാംഗങ്ങൾ സന്നദ്ധരാകണം. യുദ്ധത്തിന് പകരം അനുരഞ്ജനത്തിന്റെ പാത തിരഞ്ഞെടുക്കാൻ ലോകനേതാക്കൾക്ക് വിവേകം ലഭിക്കാനായി സഭ പ്രത്യേകമായി പ്രാർത്ഥിക്കണം. ഭൗതികമായ അകലമുണ്ടെങ്കിലും സഭ എപ്പോഴും വിശ്വാസികൾക്കൊപ്പമുണ്ടെന്നും സമാധാനത്തിന്റെ പക്ഷത്ത് എല്ലാവരും പ്രാർത്ഥനയിൽ ഒന്നാണെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.



