D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ഐ ആം കമിങ്…’ തമിഴ്നാട് പിടിക്കാൻ വിജയ്, ടിവികെ മെഗാ റാലിക്ക് തുടക്കം
എം.ജി.ആർ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് വിജയ് തന്റെ പര്യടനം ആരംഭിച്ചത്. വിജയ്‌യെ കാണാൻ റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്

തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി. മറക്കടൈ ഗാന്ധി മാർക്കറ്റിലെ എം.ജി.ആർ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് വിജയ് തന്റെ പര്യടനം ആരംഭിച്ചത്. വിജയ്‌യെ കാണാൻ റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രചാരണ ബസിലാണ് വിജയ് യാത്ര ചെയ്യുന്നത്. ഈ ബസിൽ നൂതന ക്യാമറകൾ, ലൗഡ്സ്പീക്കറുകൾ, ആളുകൾ അനധികൃതമായി കയറുന്നത് തടയാനുള്ള ഇരുമ്പ് റെയിലിംഗുകൾ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, വിജയ്‌യെ കാണാൻ കെട്ടിടത്തിന് മുകളിൽ കാത്തുനിന്ന ഒരു യുവാവ് കുഴഞ്ഞുവീണു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

"നിങ്ങളുടെ വിജയ് ഇതാ വരുന്നു" എന്ന മുദ്രാവാക്യമുയർത്തിയാണ് പര്യടനം മുന്നോട്ട് പോകുന്നത്. കർശനമായ നിയന്ത്രണങ്ങളോടെയാണ് തമിഴ്‌നാട് പോലീസ് പര്യടനത്തിന് അനുമതി നൽകിയിരിക്കുന്നത്. റോഡ് ഷോയ്ക്കും പൊതുസമ്മേളനത്തിനും ഉൾപ്പെടെ കടുത്ത മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിജയ്‌യുടെ ബസിന് അഞ്ച് വാഹനങ്ങളിൽ കൂടുതൽ അകമ്പടി പോകാൻ അനുവാദമില്ലെന്ന് പോലീസ് അറിയിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച നഗരമാണ് തിരുച്ചിറപ്പള്ളി. മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ എ.ഐ.എ.ഡി.എം.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടത്തിയതും ഇവിടെയാണ്. ഈ പാരമ്പര്യം തൻ്റെ രാഷ്ട്രീയ വളർച്ചക്ക് ഉപയോഗപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് എം.ജി.ആറിൻ്റെ പേര് പറഞ്ഞ് വിജയ് പര്യടനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *