എറണാകുളം: അങ്കമാലിയിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആന വിരണ്ടോടി യുവാവിനെ ചവിട്ടിക്കൊന്നു. ആനയുമായി വന്ന വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് പാർത്ഥസാരഥി എന്ന ആന കൊലപ്പെടുത്തിയത്. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്താണ് സംഭവം. മറ്റൊരു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്നതായിരുന്നു പാർത്ഥസാരഥിയെ. മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായി ആനയെ തളച്ചിട്ടത് ആയിരുന്നു. എന്നാൽ പെട്ടെന്ന് ആന പ്രകോപിതൻ ആവുകയും പ്രദേശത്താകെ ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഓടി നടന്ന് അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. തൊട്ടടുത്ത നിർത്തിവെച്ച ഒരു കാർ പൂർണമായും നശിപ്പിച്ചു. അതേസമയം ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ആയിരുന്ന വിഷ്ണുവിനെ ചവിട്ടി കൊല്ലുകയായിരുന്നു ആന.
പാർത്ഥസാരഥിയെ തളക്കാൻ ശ്രമിക്കുമ്പോഴായിരുന്നു വിഷ്ണുവിന് ആക്രമണം നേരിട്ടത്. കൂടാതെ ആനയുടെ പാപ്പാനായ പ്രദീപിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തുള്ള ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആനയെ സമീപപ്രദേശത്തേക്ക് കൊണ്ടുവരുമ്പോൾ തന്നെ അത് അസ്വാഭാവികമായ രീതിയിൽ പെരുമാറിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.



