തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ 24 വയസുകാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം. മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്കാനിങ് റിപ്പോർട്ടിലെ ഗുരുതരമായ തെറ്റുകൾ പുറംലോകം അറിയുന്നത്. തിരിച്ചെത്തി മെഡിക്കൽ കോളേജിൽ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയെന്നും ആരോപണം. യുവാവ് പരാതിപ്പെട്ടപ്പോൾ മറ്റൊരു സ്കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോർട്ട് കൊടുത്തതായി ആരോപണം.
കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ദുരനുഭവമുണ്ടായത്. ഷിഹാസെന്ന യുവാവ് ഫെബ്രുവരി മാസമാണ് വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. 2500 രൂപ അടച്ചാണ് യുവാവ് സിടി സ്‌കാന്‍ എടുത്തത്. പിന്നീട് ഇയാള്‍ രോഗം ഭേദമായതോടെ തുടര്‍ ചികിത്സയ്ക്ക് പോയിരുന്നില്ല.എന്നാൽ പിന്നീട് വീണ്ടും വയറുവേദന വന്നപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് 24 കാരന്റെ സ്കാനിങ് റിപ്പോർട്ട് ഗർഭപാത്രവുമായി ബന്ധപ്പെട്ട ഫലങ്ങളും കാണുന്നത്. ഈ റിപ്പോർട്ട് മറ്റൊരു സ്ത്രീയുടേതാകാൻ സാധ്യതയുണ്ടെന്ന് പിന്നീട് ബോധ്യം ആകുകയായിരുന്നു.



