ന്യൂഡൽഹി:അരവിന്ദ് കെജ്രിവാളിന് അനുവദിച്ച പുതിയ ബംഗ്ലാവിനെ "ശീഷ് മഹൽ 2" എന്ന് വിശേഷിപ്പിച്ച് ബിജെപി. വീട് പുതുക്കിപ്പണിയാൻ വൻതുക ചെലവഴിച്ചുവെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്.കെജ്രിവാൾ തന്റെ പുതിയ വീട്ടിലേക്ക് കാലെടുത്തുവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ്മ പുതിയ താമസസ്ഥലത്തിന്റെ വ്യക്തമായ രൂപരേഖയും ചിത്രങ്ങളും പുറത്തുവിട്ടു. ആ വീട്ടിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കായി സ്വകാര്യ പണം ഉപയോഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ചിത്രം വ്യാജമാണെന്നും 'Pinterest' ൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നും എഎപി തിരിച്ചടിച്ചു.
കെജ്രിവാൾ ആഡംബര ജീവിതശൈലിക്ക് ശീലമായെന്ന് ആരോപിച്ച വർമ്മ, ആം ആദ്മി പാർട്ടി മേധാവി "ശീശ് മഹൽ 2" ഒരുക്കിയിട്ടുണ്ടെന്ന് ആരോപിച്ചു. ആം ആദ്മി പാർട്ടി ഡൽഹിയുടെ കാര്യങ്ങൾക്കായി ഇത്രയും സമയം ചെലവഴിച്ചിരുംന്നെങ്കിൽ, ഒരുപക്ഷേ അവരുടെ പ്രവർത്തകർ ഇന്ന് പാർട്ടി വിടുമായിരുന്നില്ലെന്ന് രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തെ പരാമർശിക്കുന്ന തരത്തിൽ കുറ്റപ്പെടുത്തി.
എന്നാൽ വർമ്മ പുറത്തുവിട്ട എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് ആം ആദ്മി നേതാവ് അതിഷി പ്രതികരിച്ചു. കെജ്രിവാളിനെതിരെ ബിജെപിക്ക് ഒന്നും കണ്ടെത്താൻ കഴിയാത്തപ്പോൾ, ഇന്റർനെറ്റിൽ നിന്നുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അവർ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.



