ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ഉഗ്രൻ സ്ഫോടനം. 17 പേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ചിന്നി ചിതറിയ അവസ്ഥയിലാണ്. കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതീവ ഗുരുതരമായ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. കാരണം സ്ഫോടന സമയത്ത് 30ൽ അധികം ജീവനക്കാർ ജോലിയിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്.
സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം സ്ഫോടനത്തിന്റെ ശബ്ദം കേട്ട ഉടനെ തന്നെ ചില ജീവനക്കാർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.



