ആലപ്പുഴ: ചേർത്തലയിൽ വിഷു ആശംസയുടെ കാർഡിൽ ചിക്കൻ മന്തിക്ക് അരികിൽ ആർത്തിയോടെ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം പ്രചരിപ്പിച്ചതിന് റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമയായ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ശ്രീകൃഷ്ണന് അരികിലായി കുഴിമന്തി ഇലയിൽ വിളമ്പി വെച്ച രീതിയിലായിരുന്നു പോസ്റ്റർ. അതേസമയം ഇത് തങ്ങൾ ബോധപൂർവം ചെയ്തതല്ലെന്നും മറ്റൊരാളെ കാർഡ് ചെയ്യാനായി ഏൽപ്പിച്ചതാണ് അദ്ദേഹത്തിന് പറ്റിയ ഒരു പിഴവാണ് എന്നുമാണ് റസ്റ്റോറന്റ് ഉടമയുടെ ഭാഗത്തുനിന്ന് വരുന്ന പ്രതികരണം.
ഇങ്ങനെ ഒരു പോസ്റ്റർ തങ്ങളുടെ സഹോദര മതങ്ങളെ ഏതെങ്കിലും രീതിയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും ഉടമ പ്രതികരിച്ചിരുന്നു.ത ണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എംവി ബിജു നൽകിയ പരാതിയിലാണ് കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.



