വയനാട് വെള്ളമുണ്ടയിലെ ബുക്ക് ഇൻ ഹോട്ടലിൽ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് യുവാവിന്റെ അക്രമം. പാർസലായി വാങ്ങിയ ഭക്ഷണത്തിന് ദുർഗന്ധമുണ്ടെന്ന് പറഞ്ഞെത്തിയ യുവാവ് ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആക്രമണത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തകർക്കപ്പെട്ടു.
രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തുമ്പോൾ യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.



