തിരുവനന്തപുരം വാമനപുരത്ത് കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് 'സേവ് കോൺഗ്രസ് വാമനപുരം' എന്ന പേരിൽ പോസ്റ്ററുകൾ ഉയർന്നത്. "ജനഗണമംഗള രവി തങ്ങൾക്ക് വേണ്ട" എന്നതാണ് പോസ്റ്ററുകളിലെ പ്രധാന പരിഹാസം. മുതിർന്ന നേതാക്കൾ മാറിനിൽക്കണമെന്നും യുവത്വം നയിച്ചാൽ മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. പണത്തിനും ഭീഷണിമുമ്പിലും പാർട്ടി നേതൃത്വം മുട്ടുമടക്കരുതെന്നും ഇത്തവണ വാമനപുരത്ത് കോൺഗ്രസിന് ഒരു എംഎൽഎ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്ററുകളിലൂടെ അണികൾ പ്രതികരിക്കുന്നു.
മുൻപ് ഒരു കോൺഗ്രസ് ചടങ്ങിൽ പാലോട് രവി ദേശീയഗാനം തെറ്റായി ആലപിച്ചത് വലിയ വിവാദമായിരുന്നു. ആദരവോടെ നിൽക്കുന്നതിന് പകരം കൈകൊട്ടിയും വരികൾ തെറ്റിച്ചും അദ്ദേഹം നടത്തിയ ആലാപനം അന്ന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾക്ക് വഴിവെച്ചിരുന്നു. അന്നത്തെ ആ 'ദേശീയഗാന വിവാദം' തന്നെയാണ് ഇപ്പോൾ പോസ്റ്ററുകളിലെ പരിഹാസവാചകമായി മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞുകൊത്തുന്നത്. അതേസമയം, പാലോട് രവിയെ കൂടാതെ ഡിസിസി വൈസ് പ്രസിഡന്റ് സുധീർഷ പാലൊളിയും വാമനപുരത്ത് കോൺഗ്രസിന്റെ പരിഗണനാ പട്ടികയിലുണ്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച തട്ടകമായ വാമനപുരം ബ്ലോക്കിൽ നിന്നും ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച സുധീർഷയുടെ സാന്നിധ്യം ഈ ചർച്ചകളിൽ നിർണ്ണായകമാണ്.



