അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് (സിനഗോഗ്) നേരെ ആസൂത്രിത ആക്രമണം. ഡിട്രോയ്റ്റ് നഗരത്തിനടുത്തുള്ള ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണം നടക്കുമ്പോൾ സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അക്രമി സഞ്ചരിച്ച വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കളും റൈഫിളും കണ്ടെടുത്തതായും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നു ഇതെന്നും എഫ്ബിഐ വ്യക്തമാക്കി.
കൊല്ലപ്പെട്ട അക്രമി മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായും വിവരമുണ്ട്. ആക്രമണത്തിനിടെ വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. നിലവിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. എഫ്ബിഐയും പോലീസും സംഭവസ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തി വരികയാണ്.



