തൃശൂര്‍: കിടപ്പുരോഗിയായിരുന്ന വയോധികയെ നായ വീട്ടിൽ കയറി കടിച്ചു കൊന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി കാർത്യായനിയാണ് (84) കൊല്ലപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസനെയും (60) തെരുവുനായ കടിച്ചു മാരകമായി പരുക്കേൽപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറുന്നതാണ്.ഇന്നലെ സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്യായനിയെ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്നാണ് കാർത്യായനി കിടപ്പിലാകുന്നത്. നായയുടെ ഉപദ്രവം ഏൽക്കുമ്പോഴും അതിനെ തടയാനോ എഴുന്നേൽക്കാനോ കാർത്യായനിക്ക് കഴിഞ്ഞിരുന്നില്ല.
ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. വൈകിട്ട് ആറരയോടെ സമീപത്ത് താമസിക്കുന്ന കാർത്യായനിയുടെ ഇളയ മകൻ മണി ഇരുവർക്കും ഭക്ഷണവുമായി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ അമ്മയുടെ മൃതദേഹവും ഗുരുതരാവസ്ഥയിൽ കിടക്കുന്ന സഹോദരനെയും കണ്ടത്.



