നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പെടെ കേസിൽ വിചാരണ കോടതി വെറുതെവിട്ട നാല് പ്രതികൾക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർലി തോമസ്, ഒൻപതാം പ്രതി സനിൽ (മേസ്തിരി സനിൽ), പത്താം പ്രതി ശരത്ത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
കേസിലെ വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ ക്രൂരമായ ആക്രമണം നടത്തുകയും ദൃശ്യങ്ങൾ പകർത്തി ദുരുപയോഗം ചെയ്യുകയും ചെയ്തത് അതീവ ഗൗരവകരമാണ്. പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ പൾസർ സുനി അടക്കമുള്ളവർക്ക് കഠിനതടവ് പരമാവധി ശിക്ഷയായി നൽകണമെന്നും സർക്കാർ വാദിക്കുന്നു.
അതിജീവിതയ്ക്കെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അപ്പീലിൽ പറയുന്നു. ദിലീപും പൾസർ സുനിയും വിവിധ സ്ഥലങ്ങളിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും വിചാരണ കോടതി അവ അവഗണിച്ചുവെന്നും സർക്കാർ ആരോപിക്കുന്നു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



