വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിന് തിരിച്ചടിയായി ഉത്തര പേർഷ്യൻ കടലിൽ യുഎസ് ടാങ്കറിനെ ആക്രമിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ യുഎസ് കപ്പൽ കത്തിനശിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.
ഇറാൻ കപ്പലിനെ ആക്രമിച്ച നടപടിയിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്.
യുഎസ് മുങ്ങിക്കപ്പലുകൾ ഇറാനിയൻ യുദ്ധക്കപ്പലിനെ ആക്രമിച്ച് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ഈ പ്രത്യാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



