നെയ്യാറ്റിൻകരയിൽ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ചികിത്സയിലിരിക്കെ മരിച്ചു. വ്ലാങ്ങാമുറി സ്വദേശിനി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് കൂട്ടിരിക്കുകയായിരുന്നു നളിനകുമാരി. ഇന്നലെ ഉച്ചയോടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങിയ ഇവർ, വീടിന് പിന്നിലെ പറമ്പിൽ വിറകുകൾ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



