'കാന്താര' സിനിമയിലെ ദൈവിക സങ്കൽപ്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് നടൻ രൺവീർ സിംഗിന് കർണാടക ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ നിർണ്ണായക ഇടപെടൽ.
56-ാമത് ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് സിനിമയിലെ ദൈവിക സങ്കൽപ്പത്തെ പരിഹസിച്ചു എന്നാരോപിച്ച്, മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് എടുത്തിരുന്നത്.
അതേസമയം, രൺവീറിനെതിരെയുള്ള പരാതി അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു സംസ്ഥാനത്തെ ജനതയുടെ ആഴത്തിലുള്ള വികാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ മാർച്ച് 2-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതുവരെ കർശന നടപടികളിൽ നിന്ന് നടന് സംരക്ഷണം ലഭിക്കും.



