വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നിർണായക നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന താരിഫിലൂടെ (തീരുവ) ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഓരോ അമേരിക്കക്കാരനും കുറഞ്ഞത് 2,000 ഡോളർ വീതം നേരിട്ട് നൽകുന്ന 'താരിഫ് ലാഭവിഹിതം' (Tariff Dividend) പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് ശ്രദ്ധേയനായത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. "നാം താരിഫ് വഴി ട്രില്യൺ കണക്കിന് ഡോളറാണ് സ്വീകരിക്കുന്നത്. ഉടൻ തന്നെ 37 ട്രില്യൺ ഡോളറിന്റെ നമ്മുടെ ഭീമമായ കടം കുറയ്ക്കാൻ തുടങ്ങും. ഉയർന്ന വരുമാനമുള്ളവരെ ഒഴികെ, മറ്റെല്ലാവർക്കും കുറഞ്ഞത് 2,000 ഡോളറിന്റെ ലാഭവിഹിതം നൽകും," ട്രംപ് വ്യക്തമാക്കി. താരിഫ് നയത്തെ എതിർക്കുന്നവരെ അദ്ദേഹം 'വിഡ്ഢികൾ' എന്നും വിശേഷിപ്പിച്ചു.
'അമേരിക്ക ഫസ്റ്റ്' എന്ന വ്യാപാര നയങ്ങളുടെ വിജയം ഉയർത്തിക്കാട്ടാനും പൗരന്മാരെ നേരിട്ട് സഹായിക്കുന്ന ഒരു ജനപ്രിയ പദ്ധതി അവതരിപ്പിക്കാനുമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. എന്നാൽ, ഈ പണം എന്ന് മുതൽ, എങ്ങനെ വിതരണം ചെയ്യുമെന്നോ ഉയർന്ന വരുമാനമുള്ളവർ എന്നതിന്റെ മാനദണ്ഡമോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കൂടാതെ, താരിഫ് നയങ്ങൾ നിയമപരമായി വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം വലിയ തോതിൽ താരിഫ് ചുമത്തിയിരുന്നു. ഈ തീരുവ വരുമാനം ഉപയോഗിച്ച് രാജ്യത്തിന്റെ ദേശീയ കടം വീട്ടുമെന്നും അമേരിക്കയിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.



