ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനം ചാവേറാക്രമണമല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ പരിഭ്രാന്തിയിൽ സ്ഫോടനം നടത്തിയതാകാം എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ചാവേറാക്രമണങ്ങളുടെ സാധാരണ സ്വഭാവത്തിലല്ല സ്ഫോടനം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എൻ.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, സ്ഫോടനത്തിൽ പൂർണ്ണമായി വികസിപ്പിക്കാത്ത ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ആണ് ഉപയോഗിച്ചത്. ഫരീദാബാദിൽ നിന്ന് ഒരു ഭീകര മൊഡ്യൂൾ പിടിക്കപ്പെട്ടതിന്റെ സമ്മർദ്ദത്തിൽ, പ്രതിയെന്ന് സംശയിക്കുന്നയാൾ ഭയന്ന് നേരത്തേ സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് സൂചന.
സ്‌ഫോടനം നടക്കുമ്പോഴും കാർ നീങ്ങുകയായിരുന്നുവെന്നും, വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിലായിരുന്നില്ല സ്ഫോടനമെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികൾ ഫരീദാബാദ്, സഹാരൻപുർ, പുൽവാമ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയും വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ നിന്ന് മൂന്ന് ഡോക്ടർമാരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളായ ഉമർ മുഹമ്മദാണ് ചെങ്കോട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് പോലീസ് സംശയിക്കുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൈകിട്ട് 6.52നായിരുന്നു സ്ഫോടനം നടന്നത്. 13 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നും 30-ൽ അധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്.



