നേപ്പാളിൽ നടക്കുന്ന സംഘർഷങ്ങളെ "ഹൃദയഭേദകം" എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു. സമാധാനത്തിന് വേണ്ടി നിലകൊള്ളാൻ എല്ലാ നേപ്പാൾ പൗരന്മാരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു. ഇരുവരും നിലവിൽ സൈന്യത്തിന്റെ സംരക്ഷണയിലാണെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സൈനിക വക്താവ് അറിയിച്ചു.
അനുമതിയില്ലാത്ത 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ വ്യാപക പ്രതിഷേധം ഉയർന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്രമുഖ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കവും പ്രതിഷേധത്തിന് കാരണമായി. വെള്ളിയാഴ്ചയാണ് സർക്കാർ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന യുവതലമുറ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയത്.



