കൊച്ചി: മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിന്റെ മകളുമായ വീണ വിജയൻ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു. അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. അതേസമയം ഹാജരാക്കുന്നതിന് വീണ വിജയന് മറ്റൊരു ദിവസം അനുവദിച്ചു നൽകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വീണയ്ക്ക് ഇന്ന് പുതിയ സമൻസ് നൽകും. കരിമണൽ കമ്പനിയിൽ നിന്നും എന്തിനാണ് പണം ലഭിച്ചത് എന്ന് വ്യക്തമാക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാക്കണമെന്നാണ് നിർദ്ദേശം.ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്.
2021 മുതൽ 2023 വരെയുള്ള കാലയളവിൽ വീണയ്ക്ക് കമ്പനിയിൽനിന്നും 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.



