ഫിലാഡൽഫിയ: നോർത്ത് ഫിലാഡൽഫിയയിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിൽ പിസ്സ ഡെലിവറി നടത്തിയ 28 കാരനായ ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. എഡ്ജ്ലി സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പുലർച്ചെ 12:30 ന് ശേഷമാണ് വെടിവയ്പ്പ് നടന്നത്. യുവാവിന്റെ തലയിലാണ് വെടിയേറ്റത്. ഉടനെ തന്നെ ഇയാളെ ടെമ്പിൾ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.റെയ്മണ്ട് റോസൻ ഹോംസിലെ ഒരു പ്രോപ്പർട്ടിയിൽ പിസ്സ ഡെലിവറി ചെയ്യുകയായിരുന്നു ഇരയെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. പിസാ ബോക്സുകളുമായി യുവാവ് ആ വീട്ടിലേക്ക് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തുനിന്ന് മൂന്ന് പിസ്സ പെട്ടികളും ഒരു ബാഗും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഭക്ഷണം തുറന്നതോ സ്പർശിച്ചതോ ആയി തോന്നിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് ആരാണ് പിസ ഓർഡർ ചെയ്തത് എന്നോ ആരെങ്കിലും മനഃപൂർവം ഇയാളെ കൊല്ലുന്നതിനു വേണ്ടി കബളിപ്പിച്ചതാണോ എന്ന കാര്യത്തിൽ ഒന്നും വ്യക്തതയില്ല.പ്രദേശത്ത് നിരവധി ക്യാമറകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണ വീഡിയോകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ഓർഡർ നൽകാൻ ഉപയോഗിച്ച ഫോൺ നമ്പറും അന്വേഷകരുടെ പക്കലുണ്ട്.



