ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരന്റേയും കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ ഇളയ മകൻ സജി പിടിയിൽ. എന്നാൽ തന്നെ തിരഞ്ഞു നടന്ന പോലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിക്കുകയായിരുന്നുവെന്ന് പോലീസ്. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. മരം കയറുന്നതിൽ പ്രഗൽഭനായ പ്രതി പോലീസിന്റെ ഓരോ നീക്കങ്ങളും മരത്തിന്റെ മുകളിലിരുന്ന് നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതിയായ സജിയെ സമീപപ്രദേശങ്ങളിൽ കണ്ടിരുന്നുവെന്ന് അവിടെയുള്ള ആളുകൾ പറഞ്ഞിരുന്നു. എന്നാൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ പൊലീസിന്റെ നീക്കങ്ങളെല്ലാം സജി അറിഞ്ഞിരുന്നു. ഒടുവിൽ പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് പ്രതി സ്വമേധയാ കീഴടങ്ങിയത്.
കഴിഞ്ഞദിവസമാണ് പച്ചടി- തോട്ടുവാക്കടവിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ മേരി (70,) മൂത്ത മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയെയും സഹോദരനെയും കാണാനില്ലെന്ന സിനിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജി പിടിയിലായത്



