ചെന്നൈ: തമിഴക വെട്രി കകം അധ്യക്ഷനും നടനുമായി വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ വേണമെങ്കിൽ വിസിൽ അടിക്കാം എന്നും എന്നാൽ ആ പേരിൽ നാട് വിട്ടു തരാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് ഇതുവരെ ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നതുപോലെ മുഖ്യമന്ത്രിയാകാം എന്നാണ് വിചാരം എങ്കിൽ അത് സാധിക്കില്ല എന്നും പ്രകാശ് രാജ്.
പഴനിയിലെ സിപിഐഎം സ്ഥാനാർത്ഥി എൻ പാണ്ടിയുടെ പ്രചാരണത്തിലായിരുന്നു പ്രകാശ് രാജ് വിജയിയെ വിമർശിച്ചത്. സിനിമയല്ല രാഷ്ട്രീയം അത് രണ്ടും രണ്ടാണ് കൊടുംചൂടിലും നീണ്ട ക്യൂ നിന്ന് ജനങ്ങൾ നിങ്ങളുടെ സിനിമ കാണാൻ ടിക്കറ്റ് എടുത്തേക്കാം, അന്നത്തെ പണിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും പോലും മാറ്റിവച്ച് ജനങ്ങൾ നിങ്ങളുടെ സിനിമ കാണാൻ വരും അവരുടെ ആ സ്നേഹത്തെ നിങ്ങൾ രാഷ്ട്രീയ പ്രവേശനത്തിനുവേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്നും പ്രകാശ് രാജ് ചോദിച്ചു.
ഒരു നടനെ സ്ക്രീനിൽ കാണാൻ ഇഷ്ടമാണെങ്കിൽ ആരാധന ഉണ്ടെങ്കിൽ താനും ഇതുപോലെ ക്യൂ നിന്ന് സിനിമ കാണാം. വേണമെങ്കിൽ തൊണ്ട പൊട്ടുന്നത് വരെ വിസിൽ അടിക്കുകയും ചെയ്യാം. എന്ന് കരുതി അയാളെ പിടിച്ച് രാജ്യം ഏൽപ്പിക്കുവാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
സിനിമയും രാഷ്ട്രീയവും വ്യത്യസ്ത ഉത്തരവാദിത്തങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നതുപോലെ മുഖ്യമന്ത്രി ആകാം എന്നാണ് വിചാരം എങ്കിൽ അത് നടപ്പില്ല എന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. അതേസമയം കഴിഞ്ഞദിവസം വിജയുടെ പാർട്ടിയായ ടിവിക്ക് ഞങ്ങളുടെ പ്രകടനപത്രിക പുറത്തുവിട്ടിരുന്നു. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന തരത്തിലുള്ളതായിരുന്നു പ്രകടന പത്രിക.



