ടെഹ്റാൻ: അമേരിക്കയുടെ ഉപരോധം നിലനിൽക്കെ ഇറാന്റെ പടുകൂറ്റൻ എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. രണ്ടു ദശലക്ഷം ബാരൽ ക്രൂഡോയിൽ വഹിക്കുവാൻ ശേഷിയുള്ള എണ്ണക്കപ്പലാണ് സുഗമമായി ഹോർമൂസ് കടന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ വാർത്ത ഏജൻസിയായ ഫാർസാണ് ഇറാനിയൻ എണ്ണ കപ്പൽ വിജയകരമായി കടലിടുക്ക് കടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയുടെ ഉപരോധങ്ങൾക്കും മേഖലയിൽ ഏർപ്പെടുത്തിയ സൈനിക സമ്മർദ്ദങ്ങൾക്കും കനത്ത വെല്ലുവിളിയായി മാറിയെന്നും ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ഭീകരസേനയുടെ ഉപരോധങ്ങളെയും ഭീഷണികളെയും വെല്ലുവിളിച്ച് യാതൊരു തടസ്സങ്ങളും ഇല്ലാതെയാണ് എണ്ണ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് റിപ്പോർട്ട്. എന്നാൽ ഈ സംഭവം അമേരിക്ക ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ തുറമുഖങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ഉപരോധം വിജയകരമായി തുടരുകയാണ് എന്നാണ് അമേരിക്ക അവകാശം ഉന്നയിക്കുന്നത്. ഉപരോധം ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പൽ പോലും കടന്നു പോയിട്ടില്ലെന്നും യുഎസ് വ്യക്തമാക്കുന്നു.



