കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഡിഎഫ് നേതാവ് എ. ഇർഷാദിനെതിരെ കർശന നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. ഇർഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സിറ്റിംഗ് എംഎൽഎയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് ഇർഷാദ് പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്.
സംഭവം വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പരാമർശം പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള അധിക്ഷേപമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ, വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി.കെ. ശ്രീമതി പരാതി നൽകി. ലൈംഗിക ചുവയുള്ളതും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തി പെരുമാറ്റച്ചട്ട ലംഘനം നടത്തിയ ഇർഷാദിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.



