കോൺഗ്രസ് ഹൈക്കമാൻഡ് കെ. സുധാകരന്റെ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഉറപ്പായതോടെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുധാകരന് അനുമതി നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. ഇതോടെ, ഡൽഹിയിൽ തങ്ങുന്ന അദ്ദേഹം ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. അതീവ നിർണായകമായ വാർത്താ സമ്മേളനം അദ്ദേഹം അല്പസമയത്തിനകം ഡൽഹിയിൽ നടത്തും.
എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പൊതുതീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകാൻ നേതൃത്വം ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ട് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുധാകരന് തിരിച്ചടിയായി ഹൈക്കമാൻഡിന്റെ ഈ കടുത്ത നിലപാട് പുറത്തുവരുന്നത്.
അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കണ്ണൂർ ഡിസിസിയിൽ കെ. സുധാകരൻ - ടി.ഒ. മോഹനൻ അനുകൂലികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം അരങ്ങേറി. സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തുവരുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ, സുധാകരന് ഇളവ് നൽകിയാൽ തനിക്കും കോന്നിയിൽ മത്സരിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് ഹൈക്കമാൻഡിന് കത്തയച്ചു. താൻ കോന്നിയിൽ സ്ഥാനാർത്ഥിയാകുമെന്ന് നേതാക്കൾ അറിയിച്ചതായി സതീഷ് കൊച്ചുപറമ്പിലും അവകാശപ്പെട്ടു. ഇതോടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.



