ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടി വീണാ നായരുടെ പേര് വോട്ടർ പട്ടികയിലില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത പക്ഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകുമെന്നതിനാലാണ് ഏറ്റുമാനൂരിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടി നിർബന്ധിതരായത്. സമാനമായ സാഹചര്യം തന്നെയാണ് പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയ്ക്കും നേരിടേണ്ടി വന്നത്. ഇതോടെ പെരുമ്പാവൂരിലും ഏറ്റുമാനൂരിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള നെട്ടോട്ടത്തിലാണ് ട്വൻ്റി-20 നേതൃത്വം.
നേരത്തെ തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, അങ്കമാലിയിൽ പ്രോമി കുര്യാക്കോസ് എന്നിവരെയും ട്വൻ്റി-20 സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരുന്നു. സെലിബ്രിറ്റികളെയും ടെലിവിഷൻ താരങ്ങളെയും മുൻനിർത്തി സാബു ജേക്കബ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ തിരിച്ചടി പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. പെരുമ്പാവൂരിലെ പുതിയ സ്ഥാനാർത്ഥി സംബന്ധിച്ച തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സെലിബ്രിറ്റികളെ രംഗത്തിറക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ സ്ഥാനാർത്ഥി നിർണയത്തെ ബാധിച്ചിരിക്കുകയാണ്.



