D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അതിനി ആവർത്തിക്കില്ല!ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ലെന്ന് ട്രംപ്
ഇറാൻ ഭരണകൂടത്തെ പൂർണ്ണമായി തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് മേധാവി തുൾസി ഗബാർഡ് യുഎസ് കോൺഗ്രസ് ഹിയറിങ്ങിൽ വെളിപ്പെടുത്തി....

ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയായിരുന്നില്ലെന്നും ഇത്തരമൊരു നീക്കം ഇനി ആവർത്തിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഖത്തറിലെ എൽഎൻജി പ്ലാന്റുകളെ ഇറാൻ ലക്ഷ്യം വെക്കുകയാണെങ്കിൽ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കി.

ഇറാൻ ഭരണകൂടത്തെ പൂർണ്ണമായി തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് മേധാവി തുൾസി ഗബാർഡ് യുഎസ് കോൺഗ്രസ് ഹിയറിങ്ങിൽ വെളിപ്പെടുത്തി. ആക്രമണങ്ങൾ വഴി ഇറാന്റെ സൈനിക ശക്തിയും നേതൃത്വത്തിന്റെ കരുത്തും ചോർത്താനായെന്നും ഹോർമുസ് കടലിടുക്കിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇറാൻ യുദ്ധത്തിനായി പെന്റഗൺ 20,000 കോടി ഡോളറിന്റെ ബജറ്റ് അനുമതി തേടിയതായും ഇറാന്റെ 90 ശതമാനം എണ്ണക്കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രാജ്യത്തെ നേതാക്കളുടെ മരണം ഭരണസംവിധാനത്തെ ബാധിക്കില്ലെന്നും ഇറാന്റെ രാഷ്ട്രീയ ചട്ടക്കൂട് തകർക്കാനാവാത്തതാണെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു. യുദ്ധം കാരണം അമേരിക്കയിൽ ഇന്ധനവില രണ്ടാഴ്ചക്കിടെ 20 ശതമാനം വർധിച്ചതായും വിവരമുണ്ട്. അതേസമയം, ഇറാൻ കപ്പലിൽ മെർച്ചന്റ് നേവി ഇന്റേൺഷിപ്പിന് പോയ ഇടുക്കി ആലടി സ്വദേശി ജെറിൻ ജോസഫിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. യുദ്ധം തുടങ്ങുന്നതിന് തലേദിവസം സന്ദേശമയച്ച ജെറിനെ കഴിഞ്ഞ 20 ദിവസമായി ബന്ധപ്പെടാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *