മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹത്തോടെയാണ് താൻ പാലക്കാട് എത്തുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി വ്യക്തമാക്കി. പ്രചാരണത്തിനായി ആരെയും നിർബന്ധിക്കില്ലെന്നും എന്നാൽ താൻ വിജയിക്കുകയാണെങ്കിൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം എന്ന നിലയിലാണ് പാലക്കാട് മത്സരിക്കുന്നത്. സമയം പരിമിതമായതിനാൽ പ്രത്യേക തന്ത്രങ്ങളില്ലാതെ ജനങ്ങളെ നേരിൽ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനാണ് മുൻഗണന നൽകുന്നത്. മുൻഗാമികളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് പറഞ്ഞ പിഷാരടി, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി. ചോദ്യങ്ങൾ ഉയർന്ന സമയത്ത് രാഹുലിനെതിരെ പരാതികൾ ഉണ്ടായിരുന്നില്ലെന്നും നിലവിൽ കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ 13 വീടുകൾ നിർമ്മിച്ചു നൽകിയ രാഹുലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അത്തരം നല്ല കാര്യങ്ങൾ താൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും പിഷാരടി വോട്ട് അഭ്യർത്ഥിച്ചു. കഴിഞ്ഞ 25 വർഷമായി കലാരംഗത്തിലൂടെ ജനങ്ങൾക്കിടയിലുള്ള താൻ, പുതിയൊരു ഉത്തരവാദിത്തവുമായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തുകയാണെന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യയെ മതേതര രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായാണ് താൻ ജനവിധി തേടുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.



