D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് അഭയം നൽകാൻ തയ്യാറാണെന്ന് ട്രംപ്; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
താരങ്ങളെ നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ വ്യക്തമാക്കി

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾക്ക് അഭയം നൽകാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. താരങ്ങളെ നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ വ്യക്തമാക്കി.

ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോൾ മൗനം പാലിച്ചതാണ് താരങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഇവരുടെ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്റെ ആഭ്യന്തര തീവ്രവാദ വിഭാഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങൾ ഹോട്ടലിൽ നിന്ന് മാറിയത്. ഇറാനിൽ തിരിച്ചെത്തിയാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് താരങ്ങൾ ഭയപ്പെടുന്നു.

വിഷയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അമേരിക്ക ഇടപെട്ടത്. താരങ്ങളെ തിരിച്ചയക്കുന്നത് വലിയ തെറ്റാണെന്നും ഇറാനിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഫോണിൽ വിളിച്ച ട്രംപ്, താരങ്ങളെ തിരിച്ചയക്കരുതെന്നും അഭയം നൽകണമെന്നും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *