പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. ഇറാനിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നീക്കം ഒമ്പതാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് സമാധാനത്തിനായുള്ള പോപ്പിന്റെ അഭ്യർത്ഥന. നിലവിലെ സാഹചര്യം വിദ്വേഷവും ഭയവും വർധിപ്പിക്കുമെന്നും ലെബനൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത ആശങ്കാജനകമാണെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ആയുധങ്ങളും ബോംബുകളും നിശബ്ദമാകണമെന്നും പകരം ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സംവാദത്തിന്റെ വാതിലുകൾ തുറക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ അല്ല, മറിച്ച് ഉത്തരവാദിത്തമുള്ള നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശത്രുത തുടരുന്നത് പശ്ചിമേഷ്യയെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



