തേഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനയിയെ നിശ്ചയിച്ചതായി സൂചന. ഇക്കാര്യം ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. 56 വയസ്സുകാരനായ മുജ്തബയെ ഈ സ്ഥാനത്തേക്ക് നേരത്തെ തന്നെ പരിഗണിച്ചിരുന്നതായി 'ദ് ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ താൽപ്പര്യപ്രകാരമാണ് ഈ നീക്കമെന്നാണ് അറിയുന്നത്. പിതാവിന്റെ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന മുജ്തബയ്ക്ക് റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്.
പിതാവിനേക്കാൾ കർക്കശമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയായാണ് മുജ്തബ ഖമനയി അറിയപ്പെടുന്നത്. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചതായി ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 2019 മുതൽ അമേരിക്ക മുജ്തബയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലണ്ടൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന് വൻ സാമ്പത്തിക നിക്ഷേപങ്ങളും സ്വത്തുക്കളും ഉള്ളതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



