ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് രംഗത്തെത്തി. കുടുംബപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അദ്ദേഹം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചേർന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്യുകയും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഇത് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം.
ആറന്മുളയിലെ സിറ്റിംഗ് എം.എൽ.എയായ വീണാ ജോർജിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച ഏക പേരും വീണയുടേതായിരുന്നു. 2016-ൽ പുതുമുഖമായി എത്തി വിജയിച്ച വീണ, 2021-ലും വിജയം ആവർത്തിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ക്ഷണിതാവായ വീണാ ജോർജിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വിഷയത്തിൽ വീണാ ജോർജിനോടും ഭർത്താവിനോടും പാർട്ടി നേരിട്ട് സംസാരിക്കുമെന്നാണ് സൂചന.



