D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടി ഹണി റോസിന് സമാധാനിക്കാം; ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
2017 മുതൽ 2023 വരെയുള്ള വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്.

എറണാകുളം: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. 2017 മുതൽ 2023 വരെയുള്ള വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്. ഓരോ വർഷത്തെയും നികുതി വിവരങ്ങൾ പ്രത്യേകമായി തന്നെ ആവശ്യപ്പെടണമെന്ന് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് ഉൾപ്പെട്ട സിംഗിൾ ബെഞ്ച് നിർദേശിച്ചു.

അഭിനയത്തിലൂടെ നേടിയ വരുമാനത്തിന് കൃത്യമായി നികുതി നൽകിയിട്ടില്ലെന്നും റിട്ടേൺ ഫയൽ ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു ജിഎസ്ടി വകുപ്പിന്റെ നടപടി. ആറ് വർഷത്തെ നികുതിയിനത്തിൽ 34,73,000 രൂപ അടയ്ക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. 2017-ൽ 11 ചിത്രങ്ങളിൽ അഭിനയിച്ചിട്ടും എട്ട് ചിത്രങ്ങളുടെ വിവരങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നതടക്കമുള്ള ആക്ഷേപങ്ങൾ ജിഎസ്ടി വകുപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ഒന്നിലധികം വർഷങ്ങളിലെ കാര്യങ്ങൾ ഒരൊറ്റ നോട്ടീസായി നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് കോടതിയെ സമീപിച്ചത്. നോട്ടീസ് റദ്ദാക്കിയെങ്കിലും ഓരോ വർഷത്തെയും രേഖകൾ പ്രത്യേകമായി ആവശ്യപ്പെടാൻ വകുപ്പിന് അനുവാദമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *