തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ വാദങ്ങൾ തള്ളി മ്യൂസിയം സിഐ രംഗത്തെത്തി. അപകടത്തിന് പിന്നാലെ താൻ വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്ന നടന്റെ പ്രസ്താവന തെറ്റാണെന്ന് സിഐ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. അപകടം നടന്ന രാത്രി മണിയൻപിള്ള രാജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്നും, രാത്രി മുഴുവൻ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പോലീസ് കാവൽ കിടക്കേണ്ടി വന്നുവെന്നും സിഐ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചതെന്നും, സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഡിസിപിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് മണിയൻപിള്ള രാജുവിന്റെ കാറിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിൽ ഉണ്ടായിരുന്ന താൻ ഭയം കാരണമാണ് മാറിയതെന്നും, സുഹൃത്തുക്കൾ വഴി ആംബുലൻസ് ഏർപ്പാടാക്കിയിരുന്നുവെന്നുമാണ് താരം നേരത്തെ പ്രതികരിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. അപകടത്തിൽപ്പെട്ട വാഹനം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.



