തിരുവനന്തപുരം വഴുതക്കാട് ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ബൈക്ക് യാത്രക്കാർ അമിതവേഗതയിൽ വന്ന് തന്റെ കാറിൽ ഇടിക്കുകയായിരുന്നുവെന്നും അപകടം നടന്നപ്പോൾ ഭയന്നുപോയതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അന്ന് വീട്ടിൽ ഭാര്യ തനിച്ചായിരുന്നുവെന്നും താൻ ചിക്കൻഗുനിയ ബാധിതനായി ചികിത്സയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് സമ്മതിച്ച താരം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ വഴി സൗകര്യമൊരുക്കിയിരുന്നുവെന്നും വ്യക്തമാക്കി.
അപകടകരമായി വാഹനം ഓടിച്ചതിന് മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ലോഡ്ജിന് സമീപമായിരുന്നു അപകടം നടന്നത്. ലോഡ്ജിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടനെ കാർ നിർത്താതെ ഓടിച്ചുപോയെന്ന് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ, കാറിന്റെ നമ്പർ പ്ലേറ്റും ലോഗോയും അപകടസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് താരത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം സ്റ്റേഷനിൽ നേരിട്ടെത്തിയത്.



