പ്രശസ്ത സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിൽ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം, എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകൾ വരെ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകനായിരുന്നു. മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. മാൻഡലിന് പുറമെ ഗിറ്റാറിലും ബാഞ്ചോയിലും പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം 1968 മുതൽ വിവിധ ഭാഷാ ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ ഭാഗമായിരുന്നു.
1971-ൽ സംഗീതസംവിധായകൻ വിജയഭാസ്‌കറിനൊപ്പം സിനിമാജീവിതം ആരംഭിച്ച വെങ്കിടേഷ്, 1981-ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. 1985-ൽ പുറത്തിറങ്ങിയ 'ജനകീയ കോടതി' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. കിലുക്കം, സ്ഫടികം, ജോണി വാക്കർ, ധ്രുവം, കൗരവർ, ഇന്ദ്രജാലം, രാജാവിന്റെ മകൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. പാട്ടുകൾക്ക് പുറമെ ഹിറ്റ് സിനിമകളുടെ പശ്ചാത്തല സംഗീതത്തിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങിയ 'വെള്ളേപ്പം' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചത്.



