ഉത്തർപ്രദേശിലെ ബറേലിയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെടുത്തിയതിന് ഭർത്താവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയും മാതാപിതാക്കളും അറസ്റ്റിലായി. ജനുവരി 26-ന് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിതേന്ദ്ര യാദവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ജിതേന്ദ്രയുടെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ചൂതാട്ടത്തിൽ 20,000 രൂപ നഷ്ടപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ ജ്യോതി ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ സഹായത്തോടെ മൃതദേഹം കെട്ടിത്തൂക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും കഴുത്തിലെ മുറിവുകളും മരണത്തിലെ അസ്വാഭാവികതയും കണ്ടെത്തിയതോടെയാണ് പ്രതികളായ ജ്യോതി, പിതാവ് കാളിചരൺ, മാതാവ് ചമേലി എന്നിവരെ പോലീസ് പിടികൂടിയത്.



