തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുമായി എഐഎഡിഎംകെ രംഗത്ത്. എഐഎഡിഎംകെയെ ബിജെപിയുടെ അടിമയെന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായാണ് പാർട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്. വിജയ് ഒരു അഴിമതിക്കാരനാണെന്നും സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റാണ് അദ്ദേഹം പണം സമ്പാദിച്ചതെന്നും എഐഎഡിഎംകെ പരിഹസിച്ചു. "ബ്ലാക്ക് ടിക്കറ്റ് വിജയ്" എന്ന് വിശേഷിപ്പിച്ച പാർട്ടി, അദ്ദേഹത്തിന്റേത് അപകടകരമായ ആത്മരതിയാണെന്നും ആരോപിച്ചു.
കഴിഞ്ഞ വർഷം കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിൽ വിജയിനും ഉത്തരവാദിത്തമുണ്ടെന്ന് എഐഎഡിഎംകെ ആരോപിച്ചു. ദുരന്തത്തിന് ശേഷം ജനങ്ങളെ കാണാതെ വീട്ടിലിരുന്ന വിജയ്, ദുരിതബാധിതരെ തന്റെ അടുത്തേക്ക് വരുത്തിയത് അഹങ്കാരത്തിന്റെ അടയാളമാണെന്നും അവർ കുറ്റപ്പെടുത്തി. വിജയ് രാഷ്ട്രീയത്തിൽ നടത്തുന്നത് "ഗ്ലിസറിൻ കണ്ണീർ" ഒഴുക്കിയുള്ള വെറും ഷോ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, രാഷ്ട്രീയത്തിലുള്ളവർ അണ്ണാദുരൈയെ മറന്നുവെന്നും എഐഎഡിഎംകെ അടക്കമുള്ള പാർട്ടികൾ അഴിമതിയിൽ മുങ്ങിക്കുളിച്ചവരാണെന്നും വിജയ് വിമർശിച്ചിരുന്നു. താൻ ഒരിക്കലും അഴിമതി നടത്തില്ലെന്നും ഒരു തുള്ളി അഴിമതി പോലും തന്റെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ വാക്പോര് മുറുകുന്നത്.



