D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇപ്പോഴെങ്കിലും നൽകിയല്ലോ, സന്തോഷം; മമ്മൂട്ടിക്ക് പത്മഭൂഷണായി വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, വൈകിയാണെങ്കിലും ഈ അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായതിൽ സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടിക്കായി സംസ്ഥാന സർക്കാർ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോഴെങ്കിലും അത് അംഗീകരിക്കപ്പെട്ടത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ കാലമുണ്ടെന്നും നിരവധി തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയരംഗത്ത് മികവോടെ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ കഥാപാത്രത്തിലും മുൻപ് കണ്ടിട്ടില്ലാത്ത ഭാവപ്പകർച്ചകൾ നൽകി മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രകീർത്തിച്ചു. നാലര ദശകത്തെ കരിയറിൽ നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടും താൻ പഴയ മമ്മൂട്ടിയാകാതിരിക്കാൻ അദ്ദേഹം പുലർത്തുന്ന ശ്രദ്ധ വലുതാണ്. 'കാതൽ' എന്ന സിനിമയിലെ വേഷം ഏതൊരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന ഒന്നായിരുന്നു. സിനിമയ്ക്കും അഭിനയ കലയ്ക്കുമായി സ്വന്തം ജീവിതം സമർപ്പിച്ച മമ്മൂട്ടിയുടെ നടനശരീരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തവണ മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചപ്പോൾ, വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പത്മവിഭൂഷൺ ലഭിച്ചു. ആകെ എട്ട് മലയാളികളാണ് ഇത്തവണ പത്മ പുരസ്കാരങ്ങളിലൂടെ രാജ്യത്തിന്റെ ആദരത്തിന് അർഹരായത്.

Leave a Reply

Your email address will not be published. Required fields are marked *