തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ മോഹൻലാൽ, കലോത്സവങ്ങൾ കുട്ടികൾക്ക് നൽകുന്നത് വെറും അവസരങ്ങൾ മാത്രമല്ലെന്നും അത് വലിയൊരു സാമൂഹ്യപാഠമാണെന്നും ഓർമ്മിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും ജയപരാജയങ്ങൾ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രതിഭകളെ തേടി ഇന്നും സംവിധായകർ കലോത്സവ വേദികളിൽ എത്താറുണ്ടെന്നും കലാകാരന്മാരുടെ വളർച്ച ഈ വേദിയിൽ മാത്രം ഒതുങ്ങരുതെന്നും മോഹൻലാൽ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള കലോത്സവങ്ങൾ, കുട്ടികൾക്ക് പങ്കുവെക്കലിന്റെ പാഠവും തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന തിരിച്ചറിവും നൽകുന്നുണ്ട്.
കലയോട് ആത്മാർത്ഥതയുണ്ടെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും സ്വന്തം അനുഭവം മുൻനിർത്തി അദ്ദേഹം യുവപ്രതിഭകളെ ഉപദേശിച്ചു. ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നും, പാഠപുസ്തകങ്ങൾക്ക് അപ്പുറം അനുഭവങ്ങളുടെ വലിയ ലോകമാണ് കലോത്സവങ്ങളെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ 1,023 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല സ്വർണ്ണക്കപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിച്ച കണ്ണൂരിന് പിന്നിൽ, 1,018 പോയിന്റുകളുമായി ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനം നേടി. ആകെ 249 മത്സരയിനങ്ങളുടെ ഫലം പുറത്തുവന്നപ്പോഴാണ് കണ്ണൂർ ജേതാക്കളായത്.



