സിനിമ പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'ദൃശ്യം 3'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ ജീവിതസാഹചര്യങ്ങൾ ദൃശ്യമാകുന്ന ചിത്രം ഈ വർഷം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി വെളിപ്പെടുത്തിക്കൊണ്ടുള്ള ആകാംക്ഷയുണർത്തുന്ന മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വരുണിന്റെ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാർ, അസ്ഥികൾ ഒളിപ്പിച്ച ബാഗ്, സിസിടിവി ക്യാമറ എന്നിവ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ആദ്യവാരത്തോടെ പൂർത്തിയായിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവർ മൂന്നാം ഭാഗത്തിലും പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് സ്വന്തമാക്കിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വൻ വിജയത്തിന് ശേഷം എത്തുന്ന മൂന്നാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.



