D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനനായകന് വീണ്ടും പിടിവീണു; പ്രദര്‍ശാനുമതിക്ക് നൽകിയ സിംഗിൾ ബെ‍ഞ്ച് ഉത്തരവിന് സ്റ്റേ
കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരി 21-ന് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം

വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഇതോടെ ചിത്രം ഉടൻ തീയറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി. കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരി 21-ന് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. സെൻസർ ബോർഡിന്റെ ഭാഗം കൃത്യമായി കേൾക്കാതെയാണ് മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സത്യവാങ്മൂലം നൽകാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം വാദിച്ചു. തുടർന്ന്, സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് റിലീസ് തീയതി പ്രഖ്യാപിച്ചതിൽ നിർമ്മാതാക്കളോട് കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഇത്ര ധൃതിയെന്നും കോടതി ചോദിച്ചു.

അതേസമയം, ശിവകാർത്തികേയൻ നായകനായ 'പരാശക്തി' എന്ന ചിത്രം സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി നാളെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിൽ നിന്ന് വിവാദമായ 15 രംഗങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചതായി നിർമ്മാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. വിജയ് ചിത്രം തടസ്സപ്പെട്ടതോടെ പൊങ്കൽ റിലീസുകളിൽ 'പരാശക്തി'ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *