നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിൽ നിന്നും എത്തിക്കുന്ന ഭൗതികശരീരം രാവിലെ മുടവൻമുകൾ കേശവദേവ് റോഡിലെ 'ഹിൽവ്യൂ' വസതിയിൽ പൊതുദർശനത്തിന് വെക്കും. മോഹൻലാലിന്റെ അച്ഛൻ കെ. വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യവിശ്രമം കൊള്ളുന്ന അതേ വീട്ടുവളപ്പിലാണ് അമ്മയ്ക്കും ചിതയൊരുക്കുന്നത്.
മോഹൻലാലിന്റെ അച്ഛൻ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരിക്കെ വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച ഈ വീടിന് നടന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. മോഹൻലാലിന്റെ ആദ്യ ചിത്രമായ 'തിരനോട്ട'ത്തിന്റെ ചിത്രീകരണം നടന്നതും ഇവിടെയായിരുന്നു. ഒരുപാട് കാലം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഈ വീട്ടിൽ നിന്നും എത്ര നിർബന്ധിച്ചാലും അമ്മ വരാൻ കൂട്ടാക്കിയിരുന്നില്ലെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് അമ്മയെ നേരിട്ട് കാണാൻ സാധിക്കാതെ ഫോണിലൂടെ മാത്രം സംസാരിക്കേണ്ടി വന്ന സങ്കടകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.



