മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സിനിമാലോകത്തേക്ക് അദ്ദേഹത്തിന്റെ കൊച്ചുമകൻ ജൂനിയർ ഇന്നസെന്റ് അരങ്ങേറ്റം കുറിക്കുന്നു. ഐ.എം. ഏലിയാസ് സംവിധാനം ചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ഇന്നസെന്റ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരു പ്ലസ് ടു വിദ്യാർത്ഥിയുടെ വേഷമാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്.
ഇതിനു പുറമെ അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന ചിത്രത്തിലും ജൂനിയർ ഇന്നസെന്റ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.1972-ൽ ‘നൃത്തശാല’യിലൂടെ സിനിമയിലെത്തിയ ഇന്നസെന്റ്, രാംജിറാവു സ്പീക്കിംഗിലെ മാന്നാർ മത്തായിയായും കിലുക്കത്തിലെ കിട്ടുണ്ണിയായും മണിച്ചിത്രത്താഴിലെ ചാക്കോച്ചനായും തലമുറകളെ ചിരിപ്പിച്ച നടനാണ്. അഭിനയത്തിന് പുറമെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും 12 വർഷത്തോളം ‘അമ്മ’ സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹം 2023 മാർച്ച് 26-നാണ് അന്തരിച്ചത്.
അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ കോവിഡ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തന്റെ കൊച്ചുമകൻ സിനിമയിൽ എത്തണമെന്നത് ഇന്നസെന്റിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും.



