നടൻ ദിലീപിന്റെ ആലുവയിലെ സ്വകാര്യ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി നൽകി ദിലീപിന്റെ സഹോദരി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും അവയുടെ മേധാവികൾക്കുമെതിരെ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി വെറുതെവിട്ട ദിവസം അദ്ദേഹം വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതിനെതിരെയാണ് നിയമനടപടി.
ഈ മാസം എട്ടാം തീയതി 'പത്മസരോവരം' എന്ന വസതിയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നിയമവിരുദ്ധമായ ഡ്രോൺ നിരീക്ഷണത്തിലൂടെ വീട്ടിലെ അന്തേവാസികളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറിയെന്നും ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



