മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീനിവാസന് സിനിമാ ലോകവും പ്രേക്ഷകരും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. തൃപ്പൂണിത്തറ കണ്ടനാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട 'ശ്രീനിയേട്ടനെ' അവസാനമായി ഒരുനോക്ക് കാണാൻ സിനിമാ മേഖലയിലെ പ്രമുഖരും സാധാരണക്കാരുമടക്കം വൻ ജനവലിയാണ് കണ്ടനാട്ടേക്ക് ഒഴുകിയെത്തിയത്.
നാട്ടുകാർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ തുടർച്ചയായി എത്തിയതിനെത്തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും അല്പം വൈകിയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയും തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം ടൗൺഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിലും ആയിരക്കണക്കിന് ആരാധകരാണ് ആദരമർപ്പിക്കാൻ എത്തിയത്. സാധാരണക്കാരുടെ ജീവിതം സ്ക്രീനിൽ പകർത്തിയ ആ അതുല്യ കലാകാരനെ യാത്രയാക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തിച്ചേർന്നു.



