കൊൽക്കത്തയിലെ ഡംഡം എന്ന പ്രദേശത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജു സാഹ (22), ബി കെ പാസ്വൻ (22), രാജേഷ് പാസ്വാൻ (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് അതിക്രൂരമായ സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് കമലാപൂർ പാർക്കിൽ വെച്ച് പെൺകുട്ടി തന്റെ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ കൂടി അവിടെയെത്തി. തുടർന്ന് മൂവരും ചേർന്ന് പെൺകുട്ടിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ശേഷം മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലെത്തിച്ച് നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. രാത്രിയോടെ പ്രതികൾ മദ്യലഹരിയിലായ തക്കം നോക്കി പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പെൺകുട്ടിക്ക് പ്രതികളിൽ ഒരാളെ പരിചയമുണ്ടായിരുന്നതിനാൽ ആദ്യം അയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ടുപേരെയും പിടികൂടുകയായിരുന്നു. അറസ്റ്റിലായ സഞ്ജു സാഹയും ബി കെ പാസ്വാനും ഓട്ടോറിക്ഷ ഡ്രൈവർമാരാണെന്നും, 35 വയസ്സുകാരനായ രാജേഷ് ദിവസവേതനത്തിൽ ജോലി ചെയ്യുന്നയാളാണെന്നും പോലീസ് അറിയിച്ചു.



