D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സീരിയല്‍ നടിക്കെതിരെ ന​ഗ്നതാ പ്രദർനവും അശ്ലീല സന്ദേശവും; മലയാളി യുവാവ് പിടിയില്‍

ബെംഗളൂരു: കന്നഡ, തെലുങ്ക് സീരിയൽ നടിയെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി ശല്യപ്പെടുത്തുകയും നഗ്നതാ പ്രദർശനവും അശ്ലീല സന്ദേശങ്ങളും അയക്കുകയും ചെയ്ത കേസിൽ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ മോൻ (41) ആണ് അന്നപൂർണേശ്വരി നഗർ പോലീസിന്റെ പിടിയിലായത്. ഇയാൾ ഒരു സ്വകാര്യ ടെക്നോളജി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ഡെലിവറി മാനേജരായി ജോലി ചെയ്യുകയായിരുന്നു.

ഏകദേശം മൂന്ന് മാസം മുമ്പാണ് സംഭവം ആരംഭിക്കുന്നത്. ഫേസ്ബുക്കിൽ നടിക്ക് 'നവീൻസ്' എന്ന പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. നടി ഇത് സ്വീകരിക്കാതിരുന്നിട്ടും ഇയാൾ മെസഞ്ചർ വഴി സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള അശ്ലീല സന്ദേശങ്ങളും വീഡിയോകളും ദിവസവും അയക്കാൻ തുടങ്ങി. തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ, പ്രതി പുതിയ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ശല്യം തുടരുകയായിരുന്നു.

തുടർച്ചയായ ശല്യം കാരണം ബുദ്ധിമുട്ടിയ നടി, സന്ദേശങ്ങൾ അയക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയെ നേരിട്ട് വിളിക്കുകയും നവംബർ ഒന്നിന് ഒരു റെസ്റ്റോറന്റിൽ വെച്ച് കാണുകയും ചെയ്തു. നേരിൽ കണ്ടപ്പോഴും നവീൻ മോശമായി പ്രതികരിക്കുകയും ശല്യം ചെയ്യുന്നത് തുടരുമെന്ന് പറയുകയും ചെയ്തതോടെ നടി പോലീസിൽ പരാതി നൽകുകയായിരുന്നു.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പോലീസ്, യുവാവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഒരു സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ശ്രമം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Scroll to Top